2017, ഏപ്രിൽ 1, ശനിയാഴ്‌ച

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു.
ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിരുന്നു . ആ പേരിൽ ബാങ്കിനുള്ളിൽ കറങ്ങി നടന്നിട്ടുണ്ട് .. ബാങ്കിന്റെ സ്ട്രോങ്ങ് റൂം 
കണ്ടിട്ടുണ്ട് . ജീവിതത്തിൽ ആദ്യമായി ലക്ഷക്കണക്കിന്
( അതോ കോടിക്കണക്കിനോ ) ഇന്ത്യൻ രൂപാ ഒരു മുറിക്കുള്ളിൽ അടുക്കി സൂക്ഷിച്ചിരിക്കുന്നത് ആദ്യമായി കണ്ടത് അന്നാണ് . (അതിനു ശേഷം കണ്ടിട്ടേ ഇല്ല... സത്യം ) എസ് . ബി. ടി എനിക്ക് വേദനിപ്പിക്കുന്ന ചില നിമിഷങ്ങളും സമ്മാനിച്ചിട്ടുണ്ട് .. അന്ന് ഞങ്ങൾ താമസിച്ചിരുന്നത് ഇടുക്കി ജില്ലയിലെ തൂക്കുപാലത്താണ് .. എന്റെ അച്ഛൻ അന്നവിടെ ബാങ്കിലാണ് ജോലി .. സ്കൂൾ വിദ്യാര്തഥി ആയിരുന്നു ഞാൻ .. അഞ്ചിലോ ആറിലോ പഠിക്കുന്ന കാലം . ഒരു ദിവസം റോഡിൽ കൂടെ മര്യാദക്ക് പോയ ഒരു ചേട്ടനിട്ടു ഞാനൊരു തൊഴി വെച്ചു കൊടുത്തു .. പ്രായത്തിന്റെ അസ്കിത ആണെന്ന് കരുതിക്കോ .. ചേട്ടനും ഞാനും തമ്മിൽ പൊരിഞ്ഞ വാക്പയറ്റ്‌ . അയാൾക്ക്‌ വേണമെങ്കിൽ എന്നെ തൂക്കിയെടുത്തു ഒറ്റ ഏറു വെച്ച് കൊടുക്കാമായിരുന്നു . പക്ഷെ കാഷ്യർ സാറിന്റെ മോനല്ലേ .. എന്റെ കുരുത്തക്കേടിനു പകരം അങ്ങേർ എന്റെ അപ്പന് വിളിച്ചു കണക്കു തീർത്തു .. ഞാനയാളുടെ പിന്നാലെ നടന്നു ഒറ്റക്കും തെറ്റക്കും അയാളെ പ്രകോപിപ്പിച്ചു കൊണ്ടിരുന്നു . ( സത്യമായും നിങ്ങൾ വിശ്വസിക്കണം ഞാൻ അക്കാലത്തു ഒരു റൗഡിയും അഹങ്കാരിയും ഗജ പോക്കിരിയുമായിരുന്നു ) ഒടുക്കം തൂക്കുപാലത്തു ബാങ്കിന്റെ അടുക്കൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി എന്റെ അച്ഛൻ ബാങ്കിന്റെ വാതിൽക്കൽ നിൽക്കുന്നു .. നാടകീയമായ വികാരവിക്ഷോപ പ്രകടനകൾക്കൊടുവിൽ അച്ഛനെ കൊണ്ട് ഞാൻ ആ ചെറുപ്പക്കാരനെ ചട്ടം പഠിപ്പിച്ചു .. .. .. വിജയശ്രീലാളിതനായി ഞാൻ അങ്ങനെ നിൽക്കുകയാണ് .. രംഗം ശാന്തമായി . ചുറ്റും കൂടിയ നാലഞ്ചു പേർ പിരിഞ്ഞു പോയി . വാടാ .. അച്ഛൻ വിളിച്ചു .. എന്നെ നേരെ അകത്തേക്കു കൂട്ടി കൊണ്ട് പോയി. മൂലക്കിരുന്ന ഒരു ചൂലിൽ നിന്നും ഒരു പിടി ഈർക്കിൽ ഊരിയെടുത്തു . ആ ചെറുപ്പക്കാരനോട് മൊട കാണിച്ചു വെല്ലുവിളിച്ചു കുന്തളിച്ചു നടന്ന എന്നെ അച്ഛൻ ആ ചൂലിന്റെ ഈർക്കിൽ തീരുന്നതു വരെ തല്ലി ..എന്റെ നിലവിളി കൊണ്ട് ബാങ്ക് നിറഞ്ഞു .. ......
ഇനി വർഷം കുറേ മുന്നോട്ടു പോകാം ,, അച്ഛന് ട്രാൻസ്ഫർ ആയി , ഞങ്ങൾ ഇടുക്കി ജില്ല വിട്ടു നേരെ ആലപ്പുഴ ജില്ലയിൽ എത്തി .. ഒരിക്കൽ പഴയ കൂട്ടുകാരെയും ബന്ധുക്കളെയും കാണാൻ ഞാൻ 
തൂക്കുപാലത്തു പോയി .. സ്കൂൾ വിട്ടു കൂട്ടുകാരുമായി മഴ നനഞ്ഞും നനയാതെയും നടന്ന ചെറിയ ആ ടാറിട്ട റോഡിൽ കൂടി പഴയ കഥകൾ ഒക്കെ ആലോചിച്ചു നടക്കുകയാണ് , പിറകിൽ ഒരു സൈക്കിൾ മണിയൊച്ച .. ഡ്രിണീം... ഡ്രിണീം ... ഞാൻ തിരിഞ്ഞു നോക്കി. അതാ പുറകിൽ ഒരു സൈക്കിൾ . അതിൽ ഒരു ചേട്ടനും ,, ദൈവമേ ,, എന്റെ ശ്വാസം നിന്ന് പോയി .. അതയാൾ തന്നെ. പണ്ട് എന്റെ തൊഴി ഏറ്റു വാങ്ങിയതു പോരാഞ്ഞു അച്ഛന്റെ വായിൽ നിന്ന് തെറി കൂടി കേട്ട മനുഷ്യൻ .. അയാൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ് .. കാഷ്യർ സാറിന്റെ മോനല്ലേ ? അതെ... മൂത്തയാളോ അതോ ഇളയ ആളോ .. എന്റെ ഉള്ളിലെ കൊള്ളക്കാരൻ ഉണർന്നു , മൂത്തയാൾ , മുട്ടൻ നുണ ..
എങ്ങോട്ടാ ? ഞാൻ ചോറ്റുപാറക്കാ . എന്നാ കേറിക്കൊ .. അയാൾ വിശ്വസിച്ചോ എന്നറിയില്ല .. ഞാൻ സൈക്കിളിന്റെ പിറകിൽ ചാടി കയറി .. അനിയനെ എനിക്കറിയാം . അവൻ ആള് അത്ര ശരിയല്ല .. ഞാനൊന്നും മിണ്ടിയില്ല .. എന്‍റെ ഹൃദയമിടിപ്പിന്‍റെ എണ്ണം മുകളിലേക്ക് കയറി കൊണ്ടിരുന്നു .... സൈക്കിളിൽ നിന്ന് ഒരു നിമിഷം ഇറങ്ങി ഓടാൻ തോന്നി .. പിന്നീട് അയാളും നിശ്ശബ്ദനായി .. ഒരു പത്തു മിനിട്ടു ഞങ്ങൾ സാവകാശം സൈക്കിളിൽ രാജകീയമായി നാട്ടുപാത താണ്ടി മുന്നേറി .. കൊണ്ടൂരാന്റെ വീടും എലൈറ്റ് ബസിലെ ഡ്രൈവർ രവീന്ദ്രന്റെ വീടും സഖാവ് ഓ. കെ. വാസു സ്മാരകവും പിന്നിട്ടു . ഇനി ഒരു ചെറിയ കയറ്റമാണ് . വട്ടുപാറ ടൌൺ .. അയാൾ സൈക്കിൾ നിർത്തി ഞാൻ ഇറങ്ങി .. ആയാളും .. ഇപ്പോൾ ഞങ്ങൾ ഒന്നിച്ചാണ് നടക്കുന്നത്. നിനക്കീ സ്ഥലം ഓർമ്മയുണ്ടോ ? .. ദൈവമേ ഞാൻ പിന്നെയും ദൈവത്തെ വിളിച്ചു .. ഈ സ്ഥലത്തു വെച്ചാണ് നീ ഓടി വന്നു എന്നെ ചവിട്ടിയത്. .. എന്റെ നാവു വരണ്ടു . കൈകാലുകൾ തളർന്നു . ഞാൻ പിടിക്കപ്പെട്ടിരിക്കുന്നു .. പക്ഷെ ഒരു ആറാം ക്ലാസുകാരനെ പത്താം ക്ലാസ്സിൽ വെച്ച് പിടി കൂടിയതിന്റെ മിടുക്കൊന്നും അയാളുടെ മുഖത്തില്ല .. അയാൾ എന്റെ മുഖത്തേക്ക് തന്നെ നോക്കുകയാണ് .. ഞാനും ഇടക്കൊന്നു പാളി നോക്കി അയാളുടെ നിർവ്വികാരമായിരുന്ന മുഖത്ത് മെല്ലെ ഒരു ചിരി പടർന്നു കയറുന്നു. ..ചില്ലയിൽ കുരുങ്ങിയ കാറ്റ് പോലെ ഞാൻ ഉഴറി .. സങ്കൽപ്പ ലോകത്തു വിഹരിച്ചിരുന്ന ബാല്യ കാലം യാഥാർഥ്യത്തിന്റെ വാരികുന്തവുമായി കുത്താൻ ദേ തൊട്ടു മുന്നിൽ നിൽക്കുന്നു .... കാഷ്യർ സാറിപ്പോ എവിടെയാ ? തിരുവല്ലായിൽ .. എന്റെ വിവർണ്ണമായ മുഖം കണ്ടാവാം അയാൾക്ക്‌ പരിഹാസം .. .. വട്ടുപാറയിലെ. ദി പട്ടം കോളനി സർവ്വീസ് സഹകരണ ബാങ്ക് ,പാപ്പച്ചൻ ചേട്ടൻറെ പലചരക്കു കട .. അമ്മാവന്റെ മുട്ടായി കട .. കുട്ടൻപിള്ളയുടെ ചായക്കട . .... അങ്ങനെ പഴയ സ്ഥലത്തെ പഴയ കടകളും സ്ഥാപനങ്ങളും പഴയ മനുഷ്യരും .. ഒരു മാറ്റവുമില്ല .. മാറ്റം അനിവാര്യമാണ് എന്ന് ആരാണ് പറഞ്ഞത് .. എൻറെ ബാല്യകാലം മൊട്ടിട്ടു വളർന്ന നാട്ടിൽ ഒരു മാറ്റവും ഉണ്ടാകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു . സ്വാർതഥൻ .. 
ഒരു കൈ കൊള്ളിയാൻ മിന്നുന്ന പോലെ എന്റെ മുഖത്തിനു നേരെ പാഞ്ഞു വന്നു.. ഡേ .... കരണത്ത് ഒറ്റയടി .. ഞാൻ താഴെ വീണു .. .. 
നക്ഷത്രാങ്കിക നീലാകാശം മിന്നി മറഞ്ഞു . അനന്തരം രാത്രിയായി . കണ്ണിൽ ഇരുട്ട് പടർന്നു .. കരണത്ത് അടിച്ചിട്ട് അയാൾ സൈക്കിൾ ചവിട്ടി ഇറക്കം ഇറങ്ങി പാഞ്ഞു പോകുന്നത് ഞാൻ തറയിൽ കമിഴ്ന്നു കിടന്ന് പാമ്പിനെ പോലെ ഇഴഞ്ഞു മനസ്സിലാക്കി . ആരൊക്കെയോ ഓടി വന്നു .. ആ ചെറുക്കനെ ആരോ അടിച്ചിട്ടിട്ടു പോയതാ .. . സോ സിമ്പിൾ ..
എസ് . ബി. ടി എന്ന ബാങ്കിന് ഒരു ചൂൽ നഷ്‌ടമായതിനു പിന്നിൽ ഒരന്വേഷണവും നടന്നില്ല .. ആ ഉദ്യോഗസ്ഥൻ തിരുവല്ല ബ്രാഞ്ചിൽ നിന്ന് വി ആർ എസ് എടുത്ത് അടുത്തൂൺ പറ്റി ഇരുമ്പുവ്യാപാരിയായി . ഒരു തെറ്റിനു രണ്ടു തവണ ശിക്ഷ ഏറ്റു വാങ്ങിയ ഒരു ആറാം ക്ലാസുകാരനും ഒരു പത്താം ക്ലാസുകാരനും ഇപ്പോഴും എന്റെ മനസ്സിൽ പൊറുതികെട്ട് ഓടി നടക്കുന്നുണ്ട് ,, ( വ്യവസ്ഥാപിത ശിക്ഷാ രീതികളിൽ ഒരു പൊളിച്ചെഴുത്തു നടത്തണം .. പ്രതികാര നടപടികൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങൾ അന്താരാഷ്ട്രാ തലത്തിൽ ഉയർത്തി കാട്ടാൻ ഒരു അടിയന്തിര കമ്മിറ്റി വിളിച്ചു കൂട്ടാൻ എനിക്ക് പ്ലാനുണ്ട് ..എല്ലാവരും സഹകരിക്കണം ...)

2017, മാർച്ച് 27, തിങ്കളാഴ്‌ച

മരണമില്ലാത്തവര്‍ ...


നരച്ചു തുടങ്ങിയ ഇടതൂര്‍ന്ന നീണ്ട മുടി കൈ കൊണ്ട് കോതിയൊതുക്കി ഒന്ന് രണ്ടു തവണ വട്ടം ചുറ്റി ഒരു കെട്ടിന്റെ കനപ്പെട്ട ചുമടായി തലയുടെ പിന്നില്‍ ഉറപ്പിച്ചു .പൊഴിഞ്ഞു പോയ മുടിയിഴകള്‍ വാര്‍ന്നെ ടുത്തത് വിരലുകളില്‍ ചുറ്റി ഒരു ചെറിയ കെട്ടു കെട്ടി പറമ്പിലേക്ക് കളഞ്ഞു. മുറ്റത്തു കിടന്ന നാലഞ്ചു പഴുത്ത പ്ലാവിലകള്‍ കൂടെ പെറുക്കി അങ്ങോട്ട്‌ തന്നെ കളഞ്ഞിട്ട് നടു നിവര്‍ത്തി അല്‍പ്പ നേരം കൂടി വസന്തേച്ചി അവിടെ തന്നെ നിന്നു . പിന്നെ ഒരു തിടുക്കവുമില്ലാതെ സാവകാശം വീടിനകത്തേക്ക് പോയി പ്രായം അറുപതു കഴിഞ്ഞെങ്കിലും ഒരിക്കല്‍ പോലും അവര്‍ തന്റെ

ഏകാന്തതെയെ കുറിച്ചോ ആവതില്ലാഴികയെ കുറിച്ചോ ആരോടെങ്കിലും പറഞ്ഞതായി അറിവില്ല ..ഞാന്‍ കാണാന്‍ തുടങ്ങിയ കാലം മുതല്‍ക്കു തന്നെ വസന്തേച്ചി ഇങ്ങനെ തന്നെയാണ് . വെളുത്ത കോട്ടണ്‍ സാരിയില്‍ പൊതിഞ്ഞ് മെല്ലിച്ച ശരീരവും ആഴമുള്ള മയങ്ങിയ കണ്ണുകളും .. ഭര്‍ത്താവ് ജീവിച്ചിരുന്ന കാലത്ത് അവര്‍ രണ്ടു പേരും കൂടി വര്‍ത്തമാനം പറഞ്ഞു നടന്നു പോകുന്നതും പിന്നീട് മടങ്ങി വരുന്നതും കണ്ടിട്ടുണ്ട് ..ശബ്ദം താഴ്ത്തി അവര്‍ സംസാരിച്ചു കൊണ്ടിരിക്കും .വസന്തേച്ചി ഗൌരവത്തില്‍ പറയുന്നത് ഭാസ്കരേട്ടന്‍ സൌമ്യമായി കേട്ടു കൊണ്ട് നടക്കും .. ..
മരണം അയാളെ ഇടക്ക് വെച്ച് വിളിച്ചിറക്കി കൊണ്ട് പോയി .വസന്തേച്ചി ഒറ്റക്കായി .അയാളെ വീടിനു പിന്നിലുള്ള ഒരു കൂട്ടം മരങ്ങളുടെ ഇടയിലുള്ള ഒഴിഞ്ഞ സ്ഥലത്താണ് ദഹിപ്പിച്ചത്‌ ..ചിത കത്തിയമരുവോളം വസന്തേച്ചി ഒരേ നില്‍പ്പ് നിന്നു .ജ്വലിച്ചുയര്‍ന്ന മാവിന്‍ വിറകുകള്‍ ആവേശത്തോടെ പൊട്ടുകയും ചീറ്റുകയും ചെയ്തു.ചിതയില്‍ നിന്നും ഭാസ്കരേട്ടന്റെ വേരുകള്‍ വസന്തേച്ചിയിലേക്ക് കുടിയേറി , അവര്‍ അവിടെ തന്നെ ഒറ്റ നില്‍പ്പു നിന്നു ., ..ഒരിറക്ക് വെള്ളമെങ്കിലും കുടിക്കാന്‍ ബന്ധുക്കളും അയല്‍ വാസികളും നിര്‍ബന്ധിച്ചുവെങ്കിലും വസന്തേച്ചി കൂട്ടാക്കിയില്ല .
.പിന്നീട് അവരെ ആരൊക്കെയോ ചേര്‍ന്ന് ബലമായി മുറിയിലേക്ക് വലിച്ചു കൊണ്ട് പോകുകയായിരുന്നു .. തായ്ത്തടിയില്‍ നിന്നും വലിച്ചു പറിച്ചെറിഞ്ഞ വള്ളിച്ചെടി പോലെ അവര്‍ പരിക്ഷീണയായ് .
ഭാസ്ക്കരേട്ടന്റെ മരണ ശേഷം ബന്ധുക്കള്‍ ഒറ്റക്കും കൂട്ടമായും അവരെ സന്ദര്‍ശിക്കാന്‍ വന്നു കൊണ്ടിരുന്നു . ഇരുപതു സെനറ്റ്‌ സ്ഥലത്തിന്റെയും വാര്‍ത്ത ആ ചെറിയ വീടിന്റെ മേല്‍ ആയിരുന്നു അവരുടെ കണ്ണുകള്‍ . ഒരു കലഹത്തിലേക്കു കാര്യങ്ങള്‍ നീങ്ങുന്നത്‌ കണ്ടപ്പോള്‍ അവര്‍ ബന്ധുക്കളെ ആദ്യം വീടിനു പുറത്താക്കി ഗേറ്റ് അടച്ചു .. പിന്നെ മനസ്സില്‍ നിന്നും ഓരോരുത്തരെയ്യായി പടിയിറക്കി വിട്ടു .
. എല്ലാ മാസവും ഒന്നാം തീയതി അവര്‍ കുളിച്ചൊരുങ്ങി ചെങ്ങന്നൂര്‍ അമ്പലത്തില്‍ തൊഴാന്‍ പോകും . മടങ്ങി വരുമ്പോള്‍ ബാങ്കില്‍ കയറി ചിലവിനുള്ള കാശെടുത്തു വീട്ടു സാധനങ്ങള്‍ വാങ്ങി തിരിച്ചു വരും. ഭാസ്ക്കരേട്ടനുള്ളപ്പോള്‍ രണ്ടു പേരും കൂടിയായിരുന്നു പോയിരുന്നത് . എവിടെ പോയാലും അവര്‍ ഒന്നിച്ചായിരുന്നു .പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുടെ കെട്ടുകള്‍ അഴിച്ചാണ് രണ്ടു പേരുടെയും യാത്ര ..ഭാസ്ക്കരേട്ടന്റെ മുഖത്ത് ഒരിക്കല്‍ പോലും അക്ഷമയോ ഈര്‍ഷ്യയോ കണ്ടിട്ടില്ല .ജീവിത വൃക്ഷത്തില്‍ അവര്‍ പരസ്പരം ചുറ്റിപ്പടര്‍ന്ന താങ്ങും തണലുമായിരുന്നു .
ഒടുക്കം അയാള്‍ യാത്ര പറഞ്ഞു പോയ ദിവസം
" എന്നെയും കൊണ്ട് പോകൂ.. ഞാനും വരുന്നു "എന്ന് പറഞ്ഞ് അവര്‍ കൊച്ചു കുട്ടികളെ പോലെ ശാഠ്യത്തോടെ കരഞ്ഞു .പക്ഷെ ആ കരച്ചിലിന് ഒരു നിലവിളിയുടെ മുഴക്കമോ പോട്ടിക്കരച്ചിലിന്റെ തകര്ച്ചയോ ഉണ്ടായിരുന്നില്ല . .അടുത്തെവിടെയോ അല്ലെങ്കില്‍ തന്റെ തൊട്ടടുത്ത് ഭാസ്ക്കരേട്ടന്‍ ഉണ്ടെന്ന പൊലെയായിരുന്നു അവരുടെ തുടര്‍ന്നുള്ള ജീവിതം. 
എല്ലാ ദിവസവും ഊണ് തയ്യാറാകുമ്പോള്‍ അവര്‍ രണ്ടു പ്ലേയ്റ്റുകള്‍ ഊണു മേശയില്‍ വെക്കും .. ഒപ്പം രണ്ടു പേര്‍ക്കുള്ള ഭക്ഷണവും ..ഒരു പ്ലേറ്റില്‍ അവര്‍ ആദ്യം ഭാസ്ക്കരേട്ടന് ചോറ് വിളമ്പും . . "എന്താ കഴിക്കാത്തത് ? ചോറിനു വേവ് കുറവാണോ , അതോ വെന്തു പോയോ ? ഈ മാസത്തെ അരി ഒരു വകയാ ..അടുത്ത തവണയാകട്ടെ അരി മാറ്റി വാങ്ങാം .. കടക്കാരന്‍ പിള്ള ചേട്ടന്‍ ഇപ്പൊ പറ്റീരാ ..അരിയില്‍ കല്ലാ കൂടുതല്‍ . കഴുകുമ്പോള്‍ കളര്‍ പോയി പച്ചരി പോലിരിക്കും ..വെളിച്ചെണ്ണയുടെ കാര്യം പറയുകയും വേണ്ട .. തേങ്ങാ കൊണ്ട് തന്നെയാണോ വെളിച്ചെണ്ണയുണ്ടാക്കുന്നത് ..അടുത്ത മാസം
നിങ്ങളതൊന്നു അങ്ങേരോട് ചോദിക്കണം ..വസന്തേച്ചി ചോറ് കഴിക്കുമ്പോള്‍ ഒരു കഷണം മീനെടുത്തു ഭാസ്ക്കരേട്ടന്റെ പ്ലേറ്റില്‍ വെച്ചു കൊടുക്കും. ..ഭാസ്ക്കരേട്ടന്‍ തിരിച്ചും ,.
.. ജീവിതം അവര്‍ക്കിടയില്‍ ഒരു നദി പോലെ പിന്നെയും അനുസ്യുതം ഒഴുകി കൊണ്ടിരുന്നു ..
സന്ധ്യയായാല്‍ ഒരു ചെറിയ കുപ്പിയില്‍ എണ്ണയും തിരിയുമായി വസന്തേച്ചി വീടിനു പിറകിലുള്ള മരക്കൂട്ടങ്ങൾക്കിടയിലുള്ള ഭാസ്ക്കരേട്ടന്റെ അടുത്തേക്ക്‌ പോകും .. വിശേഷങ്ങൾ ചോദിക്കും . സ്വന്തം വിശേഷങ്ങളുടെ കെട്ടഴിക്കും .. സൌമ്യമായി പുഞ്ചിരിച്ചു കൊണ്ട് ഭാസ്ക്കരേട്ടന്‍ നില്‍ക്കും .." എന്താ ഈ മുണ്ട് മാറാഞ്ഞത് .. ഇന്നലെ ഞാന്‍ പറഞ്ഞതല്ലേ മുടി വെട്ടണമെന്ന് .. ഇന്നലെ നല്ല കാറ്റായിരുന്നു . പറമ്പിൽ മുഴുവനും കരിയില വീണു .. തൂത്തു വാരി കൂട്ടി കത്തിച്ചു .. 
ഇന്ന് അത്താഴത്തിനെന്താ ? മീൻ വറ്റിച്ചതും കഞ്ഞിയും പപ്പടവും .എന്തായാലെന്താ ഇന്നലെ രാത്രി ഒന്നും കഴിച്ചില്ലല്ലോ . വസന്തേച്ചിക്ക് പരിഭവം .
അവർ വിളക്കിൽ എണ്ണയൊഴിച്ചു തിരി കത്തിച്ചു വെച്ചു .. അൽപ നേരം മൂകമായി കണ്ണടച്ച് നിന്നു .. 
ഇപ്പൊ എങ്ങനെയുണ്ട് ? അടി വയറ്റില്‍ വേദനയുണ്ടോ ? മൂത്രം പോകാന്‍ ഇട്ട ആ ട്യൂബ് ഇൻഫെക്ഷൻ ആയതാണ് .. അത് രണ്ടു ദിവസം കൂടുമ്പോള്‍ മാറ്റെണ്ടതായിരുന്നു .. അതെങ്ങനാ പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ ..ഭാസ്ക്കരേട്ടന്‍ പുഞ്ചിരിച്ചു .. .. ഓരോ ട്യൂബ് മാറ്റവും എന്റെ അടി വയറ്റില്‍ ഉണ്ടാക്കിയ മിന്നല്‍ പിണറുകൾ നീ കണ്ടതല്ലേ ..എന്റെ തലച്ചോര്‍ പിളര്‍ന്നു ട്യൂബ് അങ്ങനെ കയറി പോകും .. വസന്തേച്ചി നടുങ്ങി .. അവർ സ്വന്തം അടിവയറ്റില്‍ അമര്‍ത്തി പിടിച്ചു .ജന്മാന്തരണങ്ങളുടെ ബന്ധനങ്ങളിൽ നിന്നും അനാദിയായ ഒരു വേദന. കരഞ്ഞു കൊണ്ട് അവര്‍ മുറിയിലെത്തി കട്ടിലിൽ വീണു ..പുറത്തു കാറ്റ് വീശി , ഇലയനക്കങ്ങൾ നിലാവിനെ മരങ്ങൾക്കിടയിലേക്ക് കൂട്ടി കൊണ്ട് പോയി .. .ജനാലയുടെ പാളികൾ തുറന്നു .. നേർത്ത തണുപ്പിൽ മുങ്ങി നിവർന്ന കാറ്റ് വസന്തേച്ചിയെ തഴുകി കടന്നു പോയി ,,

2017, ജനുവരി 2, തിങ്കളാഴ്‌ച

രാത്രി

ചില രാത്രികള്‍ ഒരിക്കലും പുലരാതിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു 
കറുത്ത തുണിയില്‍ പൊതിഞ്ഞ നിന്‍റെ സൌന്ദര്യം 
 എനിക്കത്രമേല്‍ പ്രിയമാണ് .. 
 എല്ലാം വെട്ടിപ്പിടിച്ച് നെഞ്ചോടു ചേര്‍ത്ത് 
 നീ ഒഴികെയുള്ള എല്ലാത്തിനെയും ഉറക്കി 
നിന്റെ മാസ്മരിക പ്രഭയില്‍ ആഴ്ത്തി
 പേരറിയാത്ത ഒരുപാട് സ്വപങ്ങള്‍ക്ക്
മേച്ചില്‍ പുറങ്ങള്‍ ഒരുക്കി ..
ആഴമറിയാത്ത നോവുകളെ
 നിന്‍റെ മാന്ത്രിക സ്പര്‍ശത്താല്‍
താഴിട്ടു പൂട്ടി .. ...
 രാത്രീ ....
നക്ഷത്രങ്ങളുടെ പിച്ചക വെളിച്ചത്തില്‍
 നീയെത്ര സുന്ദരിയാണ് ..
 ഇലകള്‍ പൊഴിഞ്ഞു, മഞ്ഞു വീണു .
പ്രണയം ഒരു കവിള്‍ മാത്രം കുടിച്ചു ഞാന്‍ മിഴി
തുറന്നപ്പോള്‍ നീ പകലിനെ വരിച്ചു
കഴിഞ്ഞിരുന്നു ..
ഞാനോ ...
നീയെന്‍റെ മാത്രം എന്ന് വെറുതെ
നിനച്ച് ഒരു പകല്‍ കൂടി കാത്തിരിക്കുന്നു ..

ഒരു മഴ കൂടി പെയ്തു തീരട്ടെ ..

മതിയായില്ല , നിന്നെ സ്നേഹിച്ചെനിക്കു മതിയായില്ല നീ തീര്‍ത്ത മുറിവുകള്‍ മാഞ്ഞു പോകില്ലെങ്കിലും എനിക്ക് നിന്റെ മിഴികളില്‍ മൊട്ടിട്ട നീര്‍ മണികളെ ചുംബിച്ചു മായ്ച്ചു മതിയായില്ല .. നിന്‍റെ പരിഭവങ്ങളെ , പിണക്കങ്ങളെ, കുറുംബുകളെ മുട്ടിയുരുമ്മി ജീവിച്ചു മതിയായില്ല .. കടും വര്‍ണ്ണങ്ങളില്‍ കവിത നെയ്ത രാത്രികളില്‍ നീയൊത്തേഴാം കടലും നീന്തി ക്കടന്നതും മതിയായില്ല .. എല്ലാം മായ്ച്ചു നീ മറയുന്നതിനു മുന്‍പേ എനിക്ക് പോകണം മൈലാഞ്ചിക്കാടുകള്‍ തണല്‍ തീര്‍ത്ത പള്ളിക്കാട്ടിലെ ആറടി മണ്ണിലേക്ക് .. എങ്കിലും പ്രണയാര്‍ദ്രമായ ഒരു മഴ കൂടി പെയ്തു തീരട്ടെ .. ഒരുവട്ടമെങ്കിലും .

2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

എന്ന്, സ്നേഹത്തോടെ നിരഞ്ജന .

പ്രിയ ജഹാംഗീർ ,
ഇന്നലെ നിങ്ങളുടെ മെയിൽ വായിച്ചു .. വൈകിട്ട് തന്നെ മറുപടി അയക്കണം എന്ന് കരുതിയതാണ് . പക്ഷെ ഓഫീസ് വിട്ടു വന്നത് തന്നെ ഒരു തലവേദനയും കൊണ്ടാണ് . ഒരു പിൽസ് കഴിച്ചു കിടന്നു . രാവിലെ നേരത്ത ഉണർന്നു .ആദ്യം മനസ്സിലേക്ക് വന്നത് നിങ്ങള്ക്ക് മറുപടി എഴുതുന്ന കാര്യമാണ്. അത് കൊണ്ട് ഒരു കപ്പു ചായക്കു ശേഷം നേരെ കീ ബോർഡിലേക്ക് കൈകൾ നീണ്ടു പോയി .. ഒന്നല്ല രണ്ടു തവണ ഞാൻ നിങ്ങളുടെ മെയിൽ വായിച്ചു .. അതിലെ ചില വാക്കുകൾ മനസ്സില് നിന്നും മായുന്നതേയില്ല .. ഞാനും അത് തന്നെയാണെന്ന് തോന്നി പോയി ..
ഏകാകി .. ശുദ്ധമായ സൗഹൃദം കൊതിക്കുന്നയാൾ എന്ന് സ്വയം
വിശേഷിപ്പിച്ചത് എനിക്കേറെ ഇഷ്ടമായി ..
എന്നെ കുറിച്ച് ഞാൻ നിങ്ങളോട് ഏറെ പറഞ്ഞില്ലല്ലോ ..
പക്ഷെ നിങ്ങൾ ആദ്യ കത്തിൽ തന്നെ വിശദമായി സ്വയം എഴുതിയിട്ടുമുണ്ട് ..
നന്നായി . ഇക്കാലത്ത് അദൃശ്യരായ സുഹൃത്തുക്കളുമായി സല്ലപിക്കുന്ന സ്വയം വഞ്ചിതരായ ആളുകളാണ് കൂടുതൽ. ചാറ്റ് റൂമുകളിൽ കയറി ഇറങ്ങി തളർന്നുകീ ബോർഡിൽ തന്നെ തല വെച്ചുറങ്ങുന്നവർ ...
നിങ്ങളുടെ മിക്കവാറും എല്ലാ എഴുത്തുകളും ഞാൻ വായിക്കാറുണ്ട് .
ചില കുറിപ്പുകൾ അങ്ങനെ തന്നെ മനസ്സില് നില്ക്കുന്നു . ഒരാൾക്ക് ഇങ്ങനെ ഒക്കെയെഴുതാൻ കനത്ത ജീവിതാനുഭവം വേണം എന്ന് ഞാൻ കരുതാറുണ്ട്‌ , നിങ്ങളുടെ ഫോട്ടോ ഫേസ് ബുക്കിൽ കണ്ടിട്ട് നമ്മൾ സമപ്രായക്കാരാണ് എന്ന് തോന്നി . നിങ്ങളുടെ ചുരുണ്ട മുടിയും കൂർത്ത കണ്ണുകളും കണ്ടാൽ നിങ്ങൾ വിചിത്രമായ ഭാവനകൾ ഉള്ള ഒരാൾ ആണെന്ന് കരുതിപ്പോകും .എനിക്കും ചുരുണ്ട തലുമുടിയാണ് . നിങ്ങളുടെ കണ്ണുകളുടെ അത്ര തീക്ഷണത ഇല്ല എന്നേയുള്ളു പക്ഷെ എനിക്ക് ആളുകളെ തുറിച്ചു നോക്കാനറിയാം . പ്രത്യേകിച്ച് ബസിലും മറ്റും യാത്ര ചെയ്യുമ്പോൾ . ചില അപരിചിതർ എന്റെ കൂർത്ത, മൂർച്ചയുള്ള നോട്ടത്തിൽ ഉടുപ്പുരിഞ്ഞു നഗ്നരായി പോകാറുണ്ട് , എങ്ങനെയെങ്കിലും എന്റെ മുന്നില് നിന്നും ഓടിപ്പോകാൻ അവർ പിടക്കും .. ജഹാംഗീർ , നിങ്ങള്ക്ക് ഞാൻ പറഞ്ഞത് മനസ്സിലായി കാണും എന്ന് കരുതുന്നു .. ഒരു പെണ്ണിന് എപ്പോഴൊക്കെയാണ് ആളുകളെ പ്രത്യേകിച്ചു പുരുഷന്മാരെ തുറിച്ചു നോക്കേണ്ടി വരുക എന്ന് നിങ്ങൾക്കറിയാം .. എന്റെ സ്വഭാവം എനിക്ക് തന്നെ ചിലപ്പോൾ പിടിക്കാതെ വരും .. .. പക്ഷെ ഈ സ്വഭാവം ഒരിക്കലും ഉപേക്ഷിക്കണം എന്ന് തോന്നിയിട്ടില്ല .. ..
നിങ്ങളിപ്പോ എന്നെ കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല .. അമിതമായി എന്നെ പുകഴ്ത്തി ഞാൻ എന്തെങ്കിലും പറഞ്ഞോ ? പക്ഷെ എനിക്ക് നിങ്ങളുടെ കത്തിൽ നിന്നും അങ്ങനെ ചില വീണ്ടു വിചാരങ്ങൾ ഉണ്ടായിട്ടുണ്ട് . നിങ്ങളുടെ കഥകളും കുറിപ്പുകളും വായിച്ചു ആരാധന തോന്നിയ നിമിഷത്തെ ഞാൻ ഇപ്പോൾ ഒന്ന് കൂടി വിശകലനം ചെയ്യാൻ ശ്രമിക്ക്കയാണ് .. നിങ്ങളുടെ ചില പദ പ്രയോഗങ്ങളിൽ ഞാൻ വീണു പോയിട്ടുണ്ട് എന്നത് യാഥാർത്യമാണ് . അത് അങ്ങനെ തന്നെയിരിക്കട്ടെ .. നല്ലൊരു എഴുത്തുകാരനു മാത്രം കഴിയുന്ന പോലെ നിങ്ങൾ ചില വാക്കുകളെ അതിന്റെ മർമ്മ സ്ഥാനത്തു തന്നെ പ്രതിഷ്ടികുന്നു .....പിന്നീട് ഒന്ന് കൂടി മടങ്ങി വന്നു വായിക്കാൻ പ്രേരിപ്പിക്കും പോലെ ആ വാക്കുകൾ എന്റെ ഉള്ളിൽ അങ്ങനെ കണ്‍ മിഴിച്ചു നില്ക്കും .. നിങ്ങളുടെ ഓരോ കുറിപ്പുകൾക്കും കഥകൾക്കും ലഭിക്കാറുള്ള എണ്ണമറ്റ ലൈക്കുകളും കമന്റുകളും അവയ്ക്ക് അർഹിക്കുന്നത് തന്നെ എന്ന് ഞാൻ വിചാരിക്കാറുണ്ട് .. നിങ്ങൾ നല്ലൊരു കച്ചവടക്കാരനാണ് എന്ന് പ്രത്യേകം പറയട്ടെ . ഏതൊക്കെ ചരക്കുകൾ എപ്പോഴൊക്കെ വിലക്ക്പെടും എന്ന് നന്നായി അറിയാവുന്ന ഒരാൾ .. ആളുകളുടെ അഭിപ്രായങ്ങള്ക്ക് പിന്നിൽ നിങ്ങൾ സഞ്ചരിക്കുന്നത് ഞാന് കണ്ടിട്ടുണ്ട് . വാദങ്ങളും മറുവാദങ്ങളും മറുപടികളും സ്മൈലികളും കൊണ്ട് നിങ്ങൾ നിങ്ങളുടെ തന്നെ കുറിപ്പുകളെ പിന്നെയും പിന്നെയും വികസിപ്പിക്കുന്നു .ചിലപോഴൊക്കെ സ്വന്തം അഭിപ്രായങ്ങളെ മറ്റുളളവരിലേക്ക്
അടിച്ചേല്പ്പിക്കുകയും ചെയ്യുന്നു . എതിർക്കുന്നവരെ ആദ്യം നിങ്ങൾ അനുനയിപ്പിക്കാൻ ശ്രമിക്കും . പിന്നെയും എതിർപ്പു തുടർന്നാൽ അതിര് വിട്ട അധിക്ഷേപങ്ങൾ നിങ്ങളിൽ നിന്നും ഒരുകൊടുംകാറ്റു പോലെ എതിരാളിയുടെ നേരെ പായും . ആ ഒരു നിമിഷത്തിൽ എന്നിലെ നിങ്ങളുടെ ആരാധിക ഒരു ഞെട്ടലോടെ നിങ്ങളിൽ നിന്ന് പിൻ വാങ്ങും .
എത്ര കണ്ടു നിങ്ങൾ സംസ്കാരസംബന്നനും അറിവുള്ളവനും ആണെന്ന് തോന്നുന്നുവോ അത്രയും തന്നെ നിങ്ങൾ നികൃഷ്തനും അപരിഷ്ക്രുതനുമാണ്. എനിക്ക് നിങ്ങൾ എഴുതിയില്ലേ " സൌരഭ്യം തുളുമ്പുന്ന നിർമലമായ സൌഹൃദമാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്ന് ".. സത്യത്തിൽ അത് തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നത് .. പക്ഷെ എങ്ങനെയാണ് ഏതു സമയവും അഴിഞ്ഞു വീഴാൻ പാകത്തിലുള്ള ഒരു മൂടുപടമിട്ടു കൊണ്ട് നിഷ്കളങ്കമായി സൗഹൃദം പങ്കു വെക്കുന്നത് ? അസ്വസ്ഥതകളും ആശങ്കകളും ഒരുപാട് പേറുന്ന ഒരാളാണ് ഞാൻ ഏകാന്തത എന്നത് എനിക്കൊരു പുതമയല്ല ...ജീവിതം നല്കുന്ന ആനുകൂല്യങ്ങൾക്ക് തുല്യമായ വില അത് തിരികെയെടുക്കും എന്ന് അറിഞ്ഞു കൊണ്ട് ജീവിക്കുന്ന ഒരു സാധാരണ പെണ്ണ് .വിമർശനത്തെ ഭയക്കുന്ന ഒരാളാണ് നിങ്ങൾ . തെളിനീരുപോലെ ശുദ്ധമായ സൗഹൃദം ആഗ്രഹിച്ചു വന്ന എനിക്ക് അത് നിങ്ങളിൽ നിന്നും അത് കിട്ടും എന്ന പ്രതീക്ഷിയില്ല . ലോകത്തെ മുഴുവനും ഒരു കീ ബോർഡിന്റെ അടുക്കി വെച്ച അക്ഷരങ്ങളിലേക്ക്‌ ചുരുക്കിയ നിങ്ങളുമായി എനിക്കുള്ള ബന്ധം തുടക്കത്തിലെ പരാജയപെട്ടിരിക്കുന്നു . എല്ലാ കാലത്തേക്കുമായി നിങ്ങള്ക്ക് ഗുഡ് ബൈ ..
എന്ന് സ്നേഹത്തോടെ
നിരഞ്ജന .

മന്ദാരങ്ങൾ

ചായ തന്നപ്പോൾ അവളുടെ വിരലുകൾ എന്റെ കയ്യിൽ ഒന്ന് തൊട്ടു .
ഞാനത് പ്രതീക്ഷിച്ചിരുന്നില്ല .അത് കൊണ്ട് ഉള്ളിലെവിടെയോ പെട്ടന്നൊരു ഉറവപൊട്ടി.
അവളുടെ കണ്ണിലേക്കു ഒന്ന് നോക്കണമെന്നുണ്ടായിരുന്നു .. പക്ഷെ സങ്കോജം കൊണ്ട് അത് വേണ്ടെന്നു വെച്ചു ..
അല്പ്പം മുമ്പാണ് ഞാനാ വീട്ടില് അതിഥിയായെത്തിയത് ... എന്റെ പഴയ കളിക്കൂട്ടുകാരിയുടെ വീടാണത് .
ബാല്യത്തിന്റെ പൂത്തുലഞ്ഞുനിന്നിരുന്ന ചെമ്പകപൂക്കളിൽ നിന്നും ഒരു കുലപ്പൂവ് ഞാൻ ആരുമറിയാതെ പൊട്ടിച്ചെടുത്തിരുന്നു. എന്റെ ഹൃദയത്തിനുള്ളിലെവിടെയോ ഇത്രയും കാലം ചൂടും തണുപ്പുമേൽക്കാതെ , സംരക്ഷിച്ചു .
ഇപ്പോൾ നേരിയ കാറ്റും തണുപ്പും നെഞ്ചിനുള്ളിലേക്ക് പതുക്കെ അരിച്ചിറങ്ങുന്നുണ്ടോ ??..
ചായ കുടിച്ചു കൊണ്ടിരിക്കെ ഞാൻ അവളോട്‌ ചോദിച്ചു .
"സുഖമാണോ ?"
അവൾ അതെ എന്ന അർത്ഥത്തിൽ തലയാട്ടി .. അവളുടെ മുഖത്ത് ഒരു ചിരി വിടർന്നു . ആ ചിരിയുടെ അർത്ഥം മനസ്സിലാകാത്തത് കൊണ്ട് ഞാനവളുടെ മുഖത്തേക്ക് നോക്കി .
"ഞാൻ കരുതി എന്നോട് മിണ്ടില്ലെന്ന് .."
എന്റെ മുഖത്തും ചിരി പടർന്നു .. നമ്മൾ ഒരുപാട് കാലം ധാരാളം സംസാരിച്ചവരല്ലേ ..? ഇപ്പൊ ഇരുപത്തിയഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു .. ഞാൻ മനസ്സിൽ പറഞ്ഞു .. എന്റെ മനസ്സു വായിച്ചിട്ടെന്ന പോലെ അവൾ വീണ്ടും ചിരിച്ചു ..
"ഇനിയും മിണ്ടാമല്ലോ ..ഒരു ചായ കുടിച്ചില്ലേ .. "
പഴയ കിലുക്കാം പെട്ടി തന്നെ .. അത് വരെ എന്നെ കെട്ടിവരിഞ്ഞു നിന്നിരുന്ന നിഘൂഡമായ ഒരു പിരിമുറുക്കം സാവകാശം അവളുടെ ചിരിയിൽ അലിഞ്ഞുതിർന്നു.
ഭർത്താവ് ?
ഗൾഫിലാണ് ..
മക്കൾ ?
രണ്ടു പേർ . മൂത്തയാൾ എട്ടിൽ പഠിക്കുന്നു .. ഇളയ മോൾ അഞ്ചിലും ... ..
പതുപതുത്ത സോഫയുടെ മൃദുലതയിൽ ഞാൻ സാവകാശം ഒന്ന് ചാരിയിരുന്നു . ഇപ്പോഴാണ് ഞാൻ അവളെ പൂർണമായും കാണുന്നത് . അല്പ്പം തടിച്ചിട്ടുണ്ട് .. കൈകളിൽ നിരയിട്ടത് പോലെ നേരിയ സ്വർണനിറമുള്ള രോമ രാജികൾ , ഉയര്ന്നു നിൽക്കുന്ന മാറിടത്തിന് മീതെ അലസമായ് വിശ്രമിക്കുന്ന ഒരു മാല .. . ചിരിക്കുമ്പോൾ ചുണ്ടുകളിൽ ഒളിപ്പിച്ചു വെച്ച മന്ദാരപ്പൂക്കൾ നാലുപാടും അടർന്നു വീഴുന്നുണ്ടോ ..... ദൈവമേ .. ഞാൻ എന്റെ മനസിനെ അടക്കി നിർത്താൻ ശ്രമിച്ചു .. എന്റെ കളിക്കൂട്ടുകാരിയും അന്നെന്റെ സ്വപനത്തിലെ റാണിയുമായിരുന്ന ഒരു കൊച്ചു പെണ്‍കുട്ടിയല്ല ഇന്നെന്റെ മുന്നിൽ നിൽക്കുന്നത് . മറ്റൊരാളുടെ ഭാര്യയാണ് . .. ഞാൻ അവളിൽ നിന്നും കണ്ണുകൾ പിൻവലിക്കാൻ ശ്രമിച്ചു . അവൾ എന്നെ തന്നെ നോക്കി നിക്കുകയാണ് ... പഴയകാലമൊക്കെ ഓർക്കുന്നുണ്ടോ ??
അവളുടെ ചോദ്യം വീണ്ടുമെന്നെ അമ്പരപ്പിച്ചു .. ഇത്ര കൃത്യമായി എങ്ങനെ എന്റെ മനസിനെ വായിച്ചെടുക്കുന്നു നീ ?
ഞാൻ പെട്ടന്ന് വികാരാധീനനായി .... പഴയ കാലം ... .പാട വരമ്പിലൂടെ രണ്ടു കുട്ടികൾ ഓടിക്കളിക്കുന്നു . പെട്ടന്നൊരാൾ കാൽ വഴുതി വയലിലേക്കു വീണു .. രക്ഷകനായ് മറ്റെയാൾ അവളെ പിടിച്ചെഴുന്നേൽപ്പിക്കുന്നു . പാടത്തെ ചെളിയും വെള്ളവും വീണ നനഞ്ഞ അവളുടെ പാവാടയും ഉടുപ്പും ശരീരത്തോട് ഒട്ടി ചേർന്ന് കിടക്കുന്നു ..അയാൾ സ്വയം ശാസിച്ചു മനസ്സ് കൈ വിട്ടു പോകുകയാണ് .....
എന്നെ കുറിച്ച് ...ഞാൻ പാതിവഴിയിൽ നിർത്തി .
എനിക്കെല്ലാം അറിയാം .. ഇടക്ക് ഞാൻ അന്വേഷിക്കുന്നുണ്ടായിരുന്നു ... ഭാര്യയും രണ്ടു കുട്ടികളും. എല്ലാവരും ഗൾഫിലാണ് ,ശെരിയല്ലേ ?.....
വീട്ടിൽ ?
അച്ഛൻ റിട്ടയറായി..
ചേച്ചി ? സുഖമായിരിക്കുന്നു ..ചേച്ചിയുടെ ഭർത്താവ് പഞ്ചായത്ത് സെക്രട്ടറിയാണ് ...
എനിക്കു ദുഃഖം തോന്നി .. ഞാൻ എന്റെ കളിക്കൂട്ടുകാരിയോട് തന്നെ എല്ലാ വിശേഷങ്ങളും ചോദിച്ചു മനസ്സിലാക്കേണ്ടി വന്നിരിക്കുന്നു . . പക്ഷെ എന്നെ കുറിച്ച് ഞാൻ പറയാതെ തന്നെ അവൾക്കെല്ലാമറിയാം ...
ഞാൻ വന്നത് അസമയത്താണോ ? മക്കളെ കൂടി കാണാൻ കഴഞ്ഞില്ല .....
അവൾ പറഞ്ഞു . വൈകുന്നേരം വരെ കാത്തിരിക്കാൻ സമയമുണ്ടോ ?
അവർ സ്കൂൾ വിട്ടു വരുന്നത് വരെ?
ഞാനൊന്നും മിണ്ടിയില്ല .. ചായ കപ്പ് എന്റെ കയ്യിൽ തന്നെ ഇരിക്കുന്നു ..
അവൾ ചോദിച്ചു ..
ആ കപ്പിങ്ങു തരുമോ .. ..??
എങ്കിൽ ഇരിക്കു ..
അവൾ എതിരെയുള്ള ചെറിയ സോഫയിൽ ഇരുന്നു ... ഞാൻ കപ്പ്‌ അവൾക്കു നേരെ നീട്ടി .. അത് വാങ്ങാൻ നേരം അവൾ എന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി ..
എന്താ നോക്കുന്നത് ...? ഒരു ചിരിമാത്രം ഉത്തരം .. പഴയ കാലമൊക്കെ ഓർക്കുന്നുണ്ടോ ?
പെട്ടന്ന് മനസ്സിലേക്ക് ചെംബകപ്പൂവുകൾ കൊഴിഞ്ഞു വീണു ....
ഓർമ്മകൾ ?
തന്നെ എന്നും ജയിച്ചിട്ടുള്ളത് ഓർമ്മകൾ മാത്രമാണ്
എന്റെമുന്നിൽ നിൽക്കുന്ന നീ തന്നെയാണ് എന്റെ ഓർമ്മകളെ എപ്പോഴും അപഹരിച്ചു കൊണ്ടിരിക്കുന്നത് ..
എനിക്കത് മാത്രമേയുള്ളല്ലോ ....
ഇപ്പോഴും ? അവളുടെ മുഖത്ത് ആകാംക്ഷ ..
വേറെ എന്താണ് എനിക്ക് പഴയകാലത്തെ കുറിച്ചോർക്കാനുള്ളത് ...
നമ്മൾ ... ..അവളുടെ കണ്ണുകളിൽ ഓർമ്മകളുടെ തിരയിളക്കം ..
കുട്ടിക്കാലം എത്ര രസമുള്ളതായിരുന്നു ... പേരയുടെ മുകളിൽ കയറി ഉറുമ്പ് കടി കൊണ്ട് സഹിക്ക വയ്യാതെ താഴെ വീണത്‌ .. ഇപ്പോൾ കഴിഞ്ഞത് എന്ന പോലെ അവൾ സർവ്വം മറന്നു പൊട്ടിച്ചിരിച്ചു ..
ഞാൻ കൌതുകത്തോടെ അവളെ നോക്കിയിരുന്നു .. ഈ ചിരികൾ തനിക്കു നഷ്ടമായിട്ടു ഇന്നേക്ക് എത്ര വർഷങ്ങൾ കഴിഞ്ഞു കാണും ... കളിക്കൂട്ടുകാരിയോടൊപ്പം ഞാൻ കണ്ട കിനാവുകൾ എത്രയെത്ര .. ഇന്ന് ആലോചിക്കുമ്പോൾ നടക്കാതെ പോയ സ്വപ്നങ്ങളാണ് കൂടുതൽ ..
തലയൊക്കെ നരച്ചു ഇല്ലേ ? അവളുടെ ചോദ്യം ..
ഞാൻ വെറുതെ ചിരിച്ചു .. നരക്കാത്തതായി ഒന്നു മാത്രേയുള്ള ..
നീയുമൊത്തുള്ള ബാല്യകാലത്തിന്റെ വാടാത്ത ഓർമ്മകൾ ... ഉല്ലസിച്ചു പറന്നു നടക്കുന്ന രണ്ടു കുരുവികളായിരുന്നില്ലേ നാം ..
ഇനി എന്നാണു ഭർത്താവു വരിക ?
ഒരു കൊല്ലം കഴിയും .. വന്നിട്ട് പോയതെയുള്ളു ..... ..
അവളുടെ വാക്കുകളിൽ പ്രതീക്ഷയും ആത്മവിശ്വാസത്തിന്റെ കരുത്തും .. ചോദിക്കേണ്ടായിരുന്നു .. എന്റെയുള്ളിൽ ഒരു വിങ്ങൽ ..
സ്വാർത്ഥതതയാണോ ..അതോ മറ്റെന്തെങ്കിലും വികാരമാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല .. ..
എന്ത് പറ്റി ?
കുസൃതി നിറഞ്ഞ കണ്ണുകളോടെ അവളുടെ ചോദ്യം.
ഒന്നുമില്ല ...
രാജിയേയും മക്കളെയും അന്വേഷിച്ചതായി പറയണം ... ഞാൻ വീണ്ടും അമ്പരന്നു .. എന്റെ ഭാര്യുടെ പേരും അറിഞ്ഞു വെച്ചിരിക്കുന്നു . ഞാനോ .. ഓർമ്മകളേ മാത്രം താലോലിച്ചു കൊണ്ട് , പതിറ്റാണ്ടുകൾ ...കൈവിട്ടു പോയതെന്ന് കരുതി ഒരിക്കൽ പോലും ഒന്നന്വേഷിക്കാൻ എനിക്ക് തോന്നിയില്ലല്ലോ . ഞാൻ സ്വയം കുറ്റപ്പെടുത്തി ..
സോറി ..ഞാൻ തന്നെ കുറിച്ച് ഒരു തവണ പോലും തിരക്കിയിട്ടില്ല .. എവിടെയോ സുഖമായി ജീവിച്ചിരിക്കുന്നു എന്ന് മാത്രംവിശ്വസിച്ചു ,ആശ്വസിച്ചു ....പക്ഷെ തനിക്കെന്നെ കുറിച്ച് എല്ലാമറിയാം ..... അവൾ നെടുതായി നിശ്വസിച്ചു .. അപ്പോഴും കയ്യിൽ ആ ചായക്കപ്പുണ്ടായിരുന്നു . നഷ്ടപ്പെടുന്നതിനു മുൻപ് രണ്ട് കൈകൾ കൊണ്ടും ചേര്ത്തു പിടിച്ചത് പോലെ ..
എവിടെ വെച്ചെങ്കിലും ഒരിക്കൽ കണ്ടു മുട്ടും എന്നെനിക്കറിയാമായിരുന്നു .. ..
എത്ര കാലം കഴിഞ്ഞാലും .. അവൾക്കു മൌനം ..
കഴുത്തിലെ താലിയിൽ അവൾ ഇടക്ക് തിരുപ്പിടിച്ചു .. .. എന്തോ ആലോചിക്കുന്നത് പോലെ തോന്നി ..
എന്താ ആലോചിക്കുന്നത് .. അവൾ പെട്ടന്നെഴുന്നേറ്റു
കപ്പ്‌ അകത്തു വെച്ചിട്ട് വരാം .. ഒരു നിമിഷം ഇരിക്കു ...
അവൾ വാതില്പ്പടി കടന്ന് അകത്ത് മറയുവോളം ഞാൻ നോക്കിയിരുന്നു .. മനസ്സില് നിറങ്ങൾ ചാലിച്ചു വരച്ചു ചേർത്തിരുന്ന രൂപത്തിന് അവളുമായുള്ള സാമ്യം ഞാൻ കണ്ണുകൾ കൊണ്ട് അളന്നു കുറിച്ച് വെക്കുകയായിര്ന്നു ..
അവൾ പോയി കഴിഞ്ഞപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു . മുറിയുടെ ചുവരുകളിൽ അങ്ങിങ്ങായി ചില ചിത്രങ്ങളും ഒരു കലണ്ടറുമുണ്ട് .. മുറിയുടെ ഒരു കോണിൽ പഴയ മേശമേൽ അടുക്കി വെച്ചിരിക്കുന്ന കുറച്ചു പുസ്തകങ്ങൾ ... ഞാൻ അതിൽ ചിലതെടുത്തു മറിച്ചു നോക്കി നിൽക്കുമ്പോൾ അവൾ മടങ്ങി വന്നു ..
ഊണ് കഴിച്ചിട്ടേ പോകാവൂ .. അവൾ ക്ഷണിച്ചു ..
എനിക്ക് ഇന്ന് തന്നെ മടങ്ങി പോകണം .. ഇനി അധികം വൈകുക വയ്യ .. പഴയ ചില സുഹൃത്തുക്കളെ കൂടി കാണാനുണ്ട് .. ഇവിടെ വരെ വന്നിട്ട് അവരെ കൂടി കാണാതെ പോയാൽ ..
അവളുടെ കണ്ണുക്കളിൽ നിറം മങ്ങി ..
എനിക്ക് ........ ..
പറഞ്ഞോളൂ ... അല്ലെകിൽ വേണ്ട , ഇനി മറ്റൊരിക്കൽ കാണുമ്പോളാകട്ടെ ..
വിതുമ്പി നില്ക്കുന്നത് പോലെ കുറെ നിമിഷങ്ങൾ .. അവളുടെ കൈകളിൽ ഒന്ന് തൊടണം എന്നുണ്ടായിരുന്നു ... വെറുതെ .. മനസ്സ് നിർബന്ധിച്ചു കൊണ്ടിരുന്നു .. ഒരുപാട് നാളുകളുടെ ആഗ്രഹമാണ് .. എപ്പോഴെങ്കിലും ഒന്ന് കാണുമ്പോൾ അവളുടെ വിരലുകളിൽ ..
തന്റെ മനസ്സില് തൊട്ടു നില്ക്കുന്നത് പോലെ അവൾ തൊട്ടടുത്തുണ്ട് .. വേണമെങ്കിൽ ..... എന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി എന്നെത്തന്നെ മുറുകെപ്പിടിച്ചു ... .... കഴിയുന്നില്ല ..തന്റെ ഉള്ളിൽ നിന്നും മറ്റൊരാൾ ഉണർന്നെഴുന്നേറ്റു വരുന്നത് പോലെ . തന്റെ നിയന്ത്രണത്തിൽ നിന്നും തന്റെ കൈകൾ സ്വതന്ത്രമാകുമോ എന്നയാൾ ഭയപ്പെട്ടു .. പെട്ടന്നയാൾ തന്റെ കൈകൾ ഭദ്രമായി പാന്റ്സിന്റെ പോക്കെറ്റിൽ നിക്ഷേപിച്ചു .... ഉയർന്നു വന്ന രക്ത സമ്മര്ദത്തിന്റെ തോത് പെട്ടന്ന് താഴേക്ക്‌ വീണു .. അയാള് ദീര്ഘ്മായി നിശ്വസിച്ചു ... ..
കണ്ണുകൾ പാതിയടച്ച് അവൾ തൻറെയരികിൽ തന്നെയുണ്ട്‌ ....
ഞാൻ പോകട്ടെ .. ഇനി എപ്പോഴെങ്കിലും .....
ഉറക്കത്തിൽ നിന്നും ഉണർന്നത് പോലെ അവൾ കണ്ണ് മിഴിച്ചു അയാളെ നോക്കി ... പടികളിറങ്ങുമ്പോൾ അയാള് തിരിഞ്ഞു നിന്ന് ചോദിച്ചു ..
മൊബൈൽ നമ്പർ ??
ഒരു നിമിഷത്തെ മൌനം ...
അവൾ പറഞ്ഞു .. വേണ്ട ... .. .

2014, ജനുവരി 11, ശനിയാഴ്‌ച

എനിക്ക് നിന്നെ നഷ്ടമായത് ............

നാം തമ്മിൽ പരിചയപ്പെടുന്നത് ഫെബ്രുവരിയിൽ 

തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചത് മാർച്ചിൽ 

എനിക്ക് നിന്നെ വീണ്ടം കാണണമെന്ന് തോന്നിയത് ഏപ്രിലിൽ

ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് എനിക്ക് മനസ്സിലായത് ഒരു മെയ്‌ മാസത്തിൽ

നീ എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞത് ഒരു ജൂണിൽ

ഒരിടനാഴിയിലെ അരണ്ട വെളിച്ചത്തിൽ ഒരു ചുംബനത്തിന്റെ
മാസ്മരികതയിൽ നാം അലിഞ്ഞു ചേർന്നത്‌ ജൂലയ് മാസത്തിൽ

നമ്മുടെ ലോകം ചുരുങ്ങി നമ്മിലേക്ക്‌ മാത്രം ഒതുങ്ങി പോയത് ഓഗസ്റ്റിൽ

നിന്റെ കുടുംബത്തെ ഞാൻ കാണുന്നത് സെപ്റ്റംബറിൽ

നാം തമ്മിൽ ആദ്യമായി പിണങ്ങുന്നത് ഒക്ടോബറിൽ .

നീ എന്റെ അരികിൽ നിന്നും നടന്നകന്നത്‌ ഒരു നവംബറിൽ

എന്നന്നേക്കുമായി എനിക്ക് നിന്നെ നഷ്ടമായത് ഒരു ഡിസംബറിൽ ..

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...